Sunday, October 11, 2009

ചില ക്രിക്കറ്റ് ചിന്തകള്‍

2005 ഫെബ്രുവരി 17; നാളത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ ദിനം എങ്ങനെയാണ് രേഖപ്പെടുത്താന്‍ പോകുന്നതെന്ന് പറയാനാകില്ല. എങ്ങനെയായാലും ദിവസത്തെ ഒഴിച്ച് നിര്‍ത്തി ഒരു ക്രിക്കറ്റ് ചരിത്രം ഉണ്ടാകുക പ്രയാസം. കാരണം അന്നാണ് ആദ്യത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരം നടന്നത്. അതിന് ശേഷം ടി 20 ഒരു ലഹരിയായി ടര്‍ന്നു കയറി എന്ന് മാത്രമല്ല ടെസ്റ്റ്‌, ഏകദിനം എന്നിവയുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നത് വരെ എത്തി നില്‍ക്കുന്നു!

ഇന്ന് ക്രിക്കറ്റ്‌ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച ഏകദിന ക്രിക്കറ്റിനെ എങ്ങനെ രക്ഷിക്കാം എന്നതാണ്. ഏകദിനം 50 ഓവറിനു പകരം 40 ഓവര്‍ ആക്കണം എന്നാണ് ഒരു നിര്‍ദ്ദേശം. 25 ഓവര്‍ വീതമുള്ള രണ്ട് ഇന്നിങ്ങ്സുകള്‍ ആക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ്. ഈ നിര്‍ദ്ദേശം ദക്ഷിണ ആഫ്രിക്‌കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പക്ഷെ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?? ഏകദിനത്തെ അതിന്റെ ഇപ്പോഴത്തെ രൂപത്തില്‍ ചെരിയ്‌ ചില മാറ്റങ്ങള്‍ മാത്രം വരുത്തി ആകര്‍ഷകം ആക്കിക്കൂടെ? കാരണം ടി 20 ഒരിക്കലും ഏകദിനത്തിന് പകരം ആകുന്നില്ല. പവര്‍ പ്ലേ 40 ഓവറിനു മുന്‍പ്‌ എടുത്തിരിക്കണം എന്ന നിബന്ധന വന്നാല്‍ തന്നെ മധ്യ ഓവറുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. അല്ലെങ്കില്‍ തന്നെ മധ്യ ഓവറുകളില്‍ ബാറ്റ്സ്മാന്മാര്‍ സിങ്ങിലുകള്‍ എടുത്ത് സ്ട്രൈക്ക് രോട്ടെറ്റ്‌ ചെയ്യുന്നതും അത് തടയാന്‍ ബൌളര്‍മാര്‍ ശ്രമിക്കുന്നതും വിക്കറ്റുകളുടെ ഇടയിലെ ഓട്ടത്തിലൂടെ ബാറ്റ്സ്മാന്മാര്‍ സ്കോര്‍ ഉയര്‍ത്തുന്നതും ഒക്കെ ഏകദിന ക്രിക്കറ്റിലെ മനോഹര കാഴ്ചകള്‍ ആണല്ലോ. ഇവയില്‍ ഏതെങ്കിലും ടി 20 ക്ക് അവകാശപ്പെടാന്‍ ആകുമോ? അവിടെ ഓരോ പന്തും എങ്ങനെ ബൌണ്ടറി കടത്താം എന്നല്ലേ ബാറ്റ്സ്മാന്മാര്‍ ചിന്തിക്കുന്നത്. ബൌളര്‍മാര്‍ എന്ന വിഭാഗം തന്നെ ടി 20 യില്‍ അപ്രസക്തം ആകുക ആണല്ലോ. 4 ഓവര്‍ മാത്രം ബൌള്‍ ചെയ്യാന്‍ എന്തിന്നാണ് ഒരു സ്പെഷിയല്ലെസ്റ്റ്‌ ബൌളര്‍ എന്നാണു ടി 20 യില്‍ ടീമുകള്‍ ആലോചിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ക്രിക്കറ്റിന്റെ സൌന്ദര്യം തന്നെ ടി 20 യില്‍ കുഴിച്ചു മൂടപ്പെടുകയാണ്. അതുകൊണ്ടാണല്ലോ രാഹുല്‍ ദ്രാവിഡിനെയും മുഹമ്മദ്‌ യൂസഫിനെയും റാം നരേഷ് സര്‍വാനെയും പോലെ മനോഹര ബാറ്റിങ്ങിന്റെ ഉടമകള്‍ ആയിട്ടുള്ളവര്‍ ടി 20 ക്ക് 'യോജിക്കാത്തവര്‍' എന്ന പേര് പറഞ്ഞു മാറ്റി നിര്തപെടുന്നത്.

ഏകദിനം എന്നത് 2 ടി 20 ഇന്നിങ്ങ്സുകള്‍ ആക്കി മാറ്റിയാല്‍ സൌന്ദര്യാത്മക ക്രിക്കറ്റിന്റെ അന്ത്യമായെക്കാം അത്. അതുകൊണ്ട്, ചെറിയ ചില മാറ്റങ്ങള്‍ ആകാമെങ്കിലും ഏകദിനം ഏകദിനമായിതന്നെ നിലനില്‍ക്കട്ടെ. കാരണം ക്രിക്കറ്റ്‌ എന്നാല്‍ വില്പനയ്ക്ക് വേണ്ടിയുള്ള വെറും അടിച്ചുപൊളി എന്നതിനും അപ്പുറം മറ്റെന്തൊക്കെയോ കൂടി ആണല്ലോ...