അങ്ങനെ ഒരു ചലച്ചിത്രമേള കൂടി വിട പറഞ്ഞു. 1500 കോടി രൂപ മുടല്‍മുതക്കില്‍ അന്യഗ്രഹജീവികളെയും മറ്റും കഥാപാത്രങ്ങളാക്കി ഒരുക്കിയ 'അവതാര്‍' എന്ന ചിത്രം റിലീസായ അന്ന് തന്നെയായി ചലച്ചിത്രോത്സവത്തിന്റെ സമാപനവും എന്നത് ഒരു യാദൃശ്ചികതയായി. ഒരുപക്ഷേ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ച എല്ലാ ചിത്രങ്ങളുടെയും കൂടി ആകെ മുതല്‍മുടക്ക് അവതാറിന്റെ നിര്‍മാണചെലവിന്റെ നാലിലൊന്ന് പോലുമുണ്ടാകില്ല. എന്നിരുന്നാലും, ഈ ചിത്രങ്ങള്‍ ഭൂമിയിലെ വിവിധ ഭാഗങ്ങളിലെ മനുഷ്യരുടെ ഹൃദയവേദനകളുടെയും ദുരിതങ്ങളുടെയും വികാരങ്ങളുടെയുമെല്ലാം നേര്‍കാഴ്ചകളായിരുന്നു.
മൊത്തത്തില്‍ നോക്കുകയാണെങ്കില്‍, കഴിഞ്ഞ മേളയേക്കാള്‍ മികച്ചതായിരുന്നു ഇത്തവണത്തെത്. അതിനു പ്രധാന കാരണം ബോറടിപ്പിക്കുന്ന ചിത്രങ്ങള്‍ വളരെ കുറവായിരുന്നു എന്നത് തന്നെ. മുപ്പതോളം ചിത്രങ്ങള്‍ കണ്ടത്തില്‍ അസഹനീയം എന്നു തോന്നിയ രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിയേറ്ററില്‍ നിന്ന് ഇറങ്ങി നാളുകള്‍ കഴിഞ്ഞാലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചിത്രങ്ങള്‍ അത്രയധികമില്ലയിരുന്നു എന്നത് സത്യമാണ്. എങ്കിലും, ഇനി എത്ര മേളകള്‍ കഴിഞ്ഞാലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ആന്‍റിക്രൈസ്റ്റ് എന്ന ക്ലാസ്സിക് ചിത്രം ഈ മേളയുടെ സ്വന്തമാണ്.
ഓരോ മേള കഴിയുമ്പോഴും പ്രതിനിധികളുടെ എണ്ണം കൂടിവരുന്നുണ്ട്. ഈ ജനപ്രീതി മറ്റൊരു തരത്തില്‍ ബാധ്യതയാകുന്ന കാഴ്ചയും മേളയില്‍ കാണാന്‍ കഴിഞ്ഞു. വെറും കച്ചവട സിനിമകള്‍ കാണുന്ന ലാഘവത്തില്‍ ചലച്ചിത്രോത്സവം കാണാനെത്തുന്നവരുടെ എണ്ണം കൂടിവരുന്നു എന്നത് നിരാശാജനകമാണ്. പതിവുപോലെ അടുത്ത മേളയാകുമ്പോഴേക്കും ഫെസ്റ്റിവല്‍ കൊമ്പ്ലക്സ് നിലവില്‍ വരും എന്ന ഒരിക്കലും നടക്കാത്ത വാഗ്ദാനം ഇത്തവണയും ഉണ്ടായി!
എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ (കുറഞ്ഞ പക്ഷം തിരുവനന്തപുരതെങ്കിലും) പുതിയൊരു സിനിമാ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ചലച്ചിത്ര മേളകള്‍ക്ക് ആകുന്നുണ്ട്. വിലക്കയറ്റത്തിനും തീവ്രവാദത്തിനും ഒക്കെ ഇടയില്‍ കഴിയുമ്പോള്‍, അവയില്‍ നിന്നെല്ലാം ഒരു വിടുതല്‍ നേടിക്കൊണ്ട് ഏഴു ദിനങ്ങള്‍ ഒരു ചാറ്റല്‍മഴ പോലെ, മനസ്സിനെ തണുപ്പിച്ചു കൊണ്ട് കടന്നുപോയി.
ആന്‍റിക്രൈസ്റിനും, ഡ്രീമിനും, ട്രൂ നൂണിനുമൊക്കെ ഒപ്പം ഈ IFFK യെ മറക്കാനാവാതതാക്കിയ ഒന്നുകൂടിയുണ്ട് എന്നെ സംബന്ധിച്ചിടത്തോളം- ചലച്ചിത്രമേളയില്‍ നിന്ന് ലഭിച്ച പുത്തന്‍ സൌഹൃദങ്ങള്‍. ഫറൂഖ് കോളേജില്‍ നിന്നും ചലച്ചിത്ര മേളക്കെത്തിയ ആ ആര് സുഹൃത്തുക്കളാണ് ഈ മേളയിലെ മറ്റൊരു സുഖമുള്ള ഓര്‍മ്മ. ചലച്ചിത്രമേളയോടൊപ്പം അവരും തിരുവനന്തപുരതോട് വിട പറഞ്ഞു. ലച്ചുവിനും രമ്യക്കും മറ്റെല്ലാവര്‍ക്കുമൊപ്പം ചിലവഴിച്ച നിമിഷങ്ങളും, മനസ്സിനെ പിടിച്ചുലച്ച ചിത്രങ്ങളും അയവിറക്കികൊണ്ട് ഇനി ഒരു വര്‍ഷം. അടുത്ത മേളക്കായുള്ള കാത്തിരിപ്പ് തുടങ്ങികഴിഞ്ഞു...
No comments:
Post a Comment