Saturday, January 16, 2010

സ്വപ്നമോ അതോ സത്യമോ.. [IFFK Film Review]

Dream [ഡ്രീം]:

ചലച്ചിത്രോത്സവത്തില്‍ ഏറ്റവും തിരക്കനുഭവപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡ്രീം. അതിനു കാരണം ചിത്രത്തിന്‍റെ സംവിധായകന്‍ കിം കി ഡുക് ആണ് എന്നതുതന്നെയാണ്. ബോ, ബ്രെത്ത് പോലുള്ള ജനപ്രിയ ചിത്രങ്ങളുമായെത്തി കഴിഞ്ഞ മേളകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ കിമ്മിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഡ്രീം അഥവാ ബി- മോന്ഗ്. യാഥാര്‍ത്യവും സ്വപ്നവും തമ്മിലുള്ള ഒരു ഞാണിന്മേല്‍കളിയാണ് ചിത്രം.

ജിന്‍ എന്ന ചെറുപ്പക്കാരന്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ അതേസമയം റാന്‍ എന്ന പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇത് റാനിന്റെ ജീവിതത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു. ജിന്‍ കാണുന്ന സ്വപ്‌നങ്ങള്‍ റാന്‍ ഉറക്കത്തില്‍ അറിയാതെ എണീറ്റ്‌ നടന്നാണ് യാഥാര്‍ത്ഥ്യം ആക്കുന്നത് എന്നത് റാനിന്റെ ജീവിതത്തെ പ്രശ്നസങ്കീര്‍ണമാക്കുന്നു. ഇത് തിരിച്ചറിഞ്ഞ അവര്‍ പ്രശ്നപരിഹാരമെന്നോണം ഒരു വഴി കണ്ടെത്തുന്നു- ഉറങ്ങാതിരിക്കുക. തുടര്‍ച്ചയായ ഈ ഉറക്കം ഒഴിയല്‍ ഒരുതരം ആത്മപീഡനം തന്നെയായി മാറുന്നു. കഥാപാത്രങ്ങളുടെ ഈ നൊമ്പരം പ്രേക്ഷകരുടെയും ആത്മനൊമ്പരമാക്കി മാറ്റുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.

സ്വപ്നത്തെ ഒരേ സമയം സത്യവും മിഥ്യയുമാക്കുകയും, അത് കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല പ്രേക്ഷകര്‍ക്ക്‌ കൂടി ഒരുതരാം വല്ലാത്ത ആത്മപീഡനമാക്കി മാറ്റുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഖ്യാത ജാപനിസ് നടന്‍ ജോ-ടോഗിരി, റാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊറിയന്‍ നടി ലി-നാ-യന്ഗ് എന്നിവരുടെ അഭിനയ മികവും എടുത്തുപറയേണ്ടതാണ് . കിം കി ദുകിന്റെ സംവിധാന മികവിനൊപ്പം ഈ അഭിനയമികവ് കൂടി ആകുമ്പോള്‍ ഡ്രീം ചലച്ചിത്രമേളയിലെ ഒരു നല്ല ഓര്‍മയായി മാറുന്നു.

Dream [Bi-mong] : Rating - 7 out of 10

Country : South Korea

Direction : Kim-ki-Duk

Date of screening : 15-12-2009, 21:15:00 (Ajanta theatre)

2 comments: