Seasons (ഋതു)
ഒരു നല്ല സംവിധായകന്‍ എന്ന് ഇതിനകം തന്നെ കേരളത്തില്‍ പേരെടുത്തു കഴിഞ്ഞ ആളാണ് ശ്യാമപ്രസാദ്. ആ പ്രതീക്ഷയിലാണ് ഋതു എന്നാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കാണാന്‍ കയറിയത്. ചലച്ചിത്രമേളയില്‍ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഋതു, പക്ഷെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. മൂന്ന് ചെറുപ്പക്കാരുടെ സൌഹൃദത്തിന്റെ വിവിധ ഘട്ടങ്ങളാണ് ഈ ചിത്രം പറയുന്നത്.
ശരത്, വര്‍ഷ, സണ്ണി എന്ന മൂന്നു സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ചുണ്ടായിരുന്ന അവര്‍ ജോലി കിട്ടി പലയിടത്താകുന്നു. 2-3 വര്‍ഷത്തെ വിദേശവാസത്തിനു ശേഷം തിരിച്ചെത്തിയ ശരത്, അവര്‍ മൂന്നുപേരും ഒരുമിച്ചുള്ള പഴയകാലത്തെ ദിനങ്ങള്‍ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുകയും അതിലൂടെ അവര്‍ ഓരോരുത്തരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ ആഗ്രഹത്തോടെ എത്തിയ ശരത് പക്ഷെ കാണുന്നത് കാലത്തിന്റെ ഋതുഭേദങ്ങള്‍ക്കിടയില്‍ മാറിപ്പോയ തന്റെ സുഹൃത്തുക്കളെയാണ്.
ഐ. ടി. യുഗത്തില്‍ ജീവിക്കുന്ന പുതുതലമുറയിലെ ചെറുപ്പക്കാരുടെ ജീവിതരീതികള്‍ ചിത്രം കാട്ടിത്തരുന്നു. മെഡിക്കല്‍ സ്റൊരില്‍ പോയി ബ്രാന്ടിന്റെ പേര് പറഞ്ഞു ചോക്ലേറ്റ് വാങ്ങുന്ന ലാഘവത്തില്‍ കോണ്ടംവാങ്ങുന്ന പെണ്‍കുട്ടിയെ പത്തുവര്‍ഷം മുന്‍പ് പോലും നമുക്ക് ഒരു മലയാള സിനിമയില്‍ സങ്കല്‍പ്പിക്കാന്‍ ആകില്ല. തന്‍റെ പുരുഷ സുഹൃത്തിനൊപ്പം പോയി അസ്വാഭാവികത ഒന്നുമില്ലാതെ കോന്‍ടാമോ വിസ്പെരോ വാങ്ങുന്ന പെണ്‍കുട്ടികള്‍ ഇന്ന് സാധാരണമാണ്. ഇങ്ങനെ, ഇന്നത്തെ തലമുറയിലെ മാറ്റങ്ങള്‍ പലതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. അതോടൊപ്പം വര്‍ഷ, ശരത്, സണ്ണി എന്നിവരുടെ സൌഹൃദവും മനോഹരമായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷയുടെ കഥാപാത്രത്തെ അവതരിപ്പിച്ച റിമ കല്ലുങ്കല്‍ മലയാള സിനിമയുടെ നാളത്തെ വാഗ്ദാനം എന്ന് വിശേഷിപ്പിക്കാവുന്ന വിധം തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്.
ഇവയൊക്കെ ഉണ്ടെങ്കിലും താന്‍ പറയാന്‍ ശ്രമിച്ച ആശയം പറയുന്നതില്‍ ശ്യാമപ്രസാദ് വേണ്ടവിധം വിജയിച്ചിട്ടില്ല. അതുപോലെ തീര്‍ത്തും ദുര്‍ബ്ബലമായ ഒന്നാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. അനാവശ്യമായ ഒരു വലിച്ചുനീട്ടല്‍ ആ ഭാഗത്തുണ്ട്. കച്ചവട താല്പര്യം കൂടി ഉള്ളത് കൊണ്ടാകാം, 2-3 പാട്ടുകളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് (താരതമ്യേന മോശമല്ലാത്ത പാട്ടുകളാണ് ചിത്രത്തിലേത്). ശ്യാമപ്രസാദില്‍ നിന്നും കുറേകൂടി മികച്ച സൃഷ്ടിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുനത്.
No comments:
Post a Comment