
CONGRATULATIONS SACHIN... We All Proud Of You..
വലിയ ആരവമില്ലാതെ വന്ന ചിത്രമായിരുന്നു യൂസ്രി നസ്രള്ളായുടെ ഈജിപ്ഷ്യന്‍ ചിത്രം 'ഷെഹരസാദ് ഒരു കഥ പറയൂ'. കൊട്ടും കുരവയുമില്ലാതെ വന്നതാണെങ്കിലും ചിത്രം കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു നല്ല ചിത്രം കണ്ടു എന്ന ആത്മസംതൃപ്തി നല്‍കാന്‍ ഈ കൊച്ചു ചിത്രത്തിനായി. ഒരു സ്ത്രീപക്ഷ ചിത്രമാണിത്. ആഫ്രിക്കയില്‍ നിന്ന് പോലും സ്ത്രീപക്ഷ സിനിമകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും 'ഷെഹരസാദ് ടെല്‍ മി എ സ്റ്റോറി' ആയിരുന്നു മേളയിലെ സ്ത്രീപക്ഷ സിനിമകളില്‍ ഏറ്റവുമധികം പ്രകാശം പരത്തിയത്. അറബിക്കഥയിലെ ആയിരത്തൊന്നു രാവുകളില്‍ കഥ പറയുന്ന ഷെഹര്‍സാദിനെ പുതിയ കാലത്തിലേക്ക് മാറ്റി പുതിയ രീതിയിലുള്ള ആവിഷ്കാരമാണ് ചിത്രത്തില്‍. തങ്ങളുടെ ലിംഗാവസ്ഥ സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ.
ഹെബ്ബ എന്ന ടി.വി. അവതാരകയാണ് മുഖ്യ കഥാപാത്രം. വിവിധ മേഖലകളില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോയ സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയുന്ന ഒരു ടോക് ഷോയാണ് ഹെബ്ബ അവതരിപ്പിക്കുന്നത്. ലൈംഗികതയും സ്ത്രീ എന്ന ലിംഗാവസ്ഥയും സ്ത്രീകളെ പലരീതിയില്‍ ബാധിക്കുന്നു എന്നതിന്റെ തെളിവുകളാണ് ടോക് ഷോ പുറത്തു കൊണ്ടുവരുന്നത്. പക്ഷെ ഈ വെളിപ്പെടുത്തലുകള്‍ വിവാദമുണ്ടാക്കുകയും, പരിപാടി അവസാനിപ്പിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് പോലും സമ്മര്‍ദ്ദമുണ്ടാകുകയും ചെയ്യുന്നു. സ്വന്തം ഭര്‍ത്താവ് പോലും ഹെബ്ബയെ ഇതിന്റെ പേരില്‍ വിമര്‍ശിക്കുന്നു. വെളിപ്പെടുത്തലുകള്‍ ഭര്‍ത്താവിന്റെ ജോലിക്ക് ഭീഷണിയാകുന്നു എന്ന ഒറ്റ കാരണത്തിന്റെ പേരില്‍ ഭര്‍ത്താവ് ഹെബ്ബയെ ക്രൂരമായി മര്‍ദ്ദിക്കുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ട സ്ത്രീകളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന പരിപാടിയുടെ അവതാരകയായ ഹെബ്ബ, ഒടുവില്‍ ആ ലിംഗാവസ്ഥ മൂലം തനിക്കുണ്ടായ പ്രതിസന്ധി കാരണം ടോക് ഷോയില്‍ സ്വന്തം കഥ തന്നെ അവതരിപ്പിക്കേണ്ടി വരുന്നു!
പുതിയ ലോകത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുകാട്ടുന്ന ഒന്നാണ് ഈ ചിത്രം. പുരുഷകേന്ദ്രീകൃതമായ സമൂഹം സ്ത്രീകളോട് കാട്ടുന്ന അവഗണയും സ്ത്രീകളോടുള്ള വിവേചനവും ചിത്രത്തിലൂടെ വ്യക്തമാകുന്നു. ഇതില്‍ നിന്നും മാറിച്ചിന്തിക്കാന്‍ സമൂഹം തയാര്‍ ആകണം എന്നതിന്റെ ആവശ്യകതയും ചിത്രം പറയുന്നുണ്ട്. പുരുഷ മേധാവിത്വം നിറഞ്ഞ ചിത്രങ്ങളുടെ ഇടയില്‍ ഒരു വ്യത്യസ്തമായ അനുഭവമാണ് 'ശേഹെര്സാദ് ടെല്‍ മി എ സ്റ്റോറി'.
Scheherazade Tell Me a Story ( Ehky Ya Schahrazad): Rating- 6 out of 10
Country: Egypt
Director: Yousry Nasrallah
Time of Screening: 13-12-2009; 18:45:00 (Remya Theatre)
What the Sufi said [സൂഫി പറഞ്ഞ കഥ]
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു സൂഫി പറഞ്ഞ കഥ. ആദ്യ പ്രദര്‍ശനത്തില്‍ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞു എന്ന് കേട്ടാണ് രണ്ടാം പ്രദര്‍ശനത്തിനു എത്തിയത്. കെ. പി. രാമനുണ്ണിയുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം അഭ്രപാളിയിലാക്കിയത് 'നെയ്തുകാരന്‍'റെ സംവിധായകന്‍ പ്രിയനന്ദനനാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ മലബാറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്നതാണ് ചിത്രം. ലവ് ജിഹാദിന്റെയും മറ്റും പേരില്‍ വിവാദങ്ങള്‍ നിറഞ്ഞാടുന്ന കാലത്താണ് ഹിന്ദു-മുസ്ലിം പ്രണയവും വിവാഹവും പ്രമേയമാക്കുന്ന 'സൂഫി പറഞ്ഞ കഥ' എത്തിയത്. ഒരു പ്രമുഖ ഹിന്ദു കുടുംബത്തിലെ കാര്‍ത്തി എന്ന യുവതിയും, അവിടെ കച്ചവടത്തിനെത്തുന്ന മാമൂട്ടി എന്ന മുസ്ലിം യുവാവും തമ്മിലുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥയാണ് ഈ ചിത്രം.
വിവാഹശേഷം കാര്‍ത്തി മതം മാറി മുസ്ലിം ആകുന്നുന്ടെങ്കിലും തന്‍റെ പഴയ വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊന്നും അവള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നില്ല. യാഥാസ്ഥിതികരായ മുസ്ലിം മതമേധാവികള്‍ മാമൂട്ടിയുടെയും കാരത്തിയുടെയും ജീവിതത്തില്‍ ഇടപെടുന്നു. ഇത് അവരുടെ ജീവിതത്തെ പ്രശ്നങ്ങള്‍ നിറഞ്ഞതാക്കുന്നു. ജീവിതം കൈവിട്ടുപോകുന്ന അവസ്ഥവരെയാകുന്നു. ഇന്നും മലബാറിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധിക്കുന്ന ബീവിയായി കാര്‍ത്തി മാറുന്നതിന്റെ കഥയും ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
മതം എന്നത് തീര്‍ത്തും ഒരാളുടെ വ്യക്തിപരമായ ഒന്നാണെന്ന് ഈ ചിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു. മതം പൊതുസമൂഹത്തില്‍ ഇടപെട്ടു തുടങ്ങുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. മതം മാറിയാലും തന്‍റെ വ്യക്തിത്വത്തെയും സംസ്കാരത്തെയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. വ്യക്തിയേക്കാള്‍ പ്രധാനമല്ല മതം എന്നും ചിത്രം പറയാന്‍ ശ്രമിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ആശയങ്ങള്‍ പ്രേക്ഷകരുമായി പങ്കുവക്കുന്നതില്‍ ചിത്രം പൂര്‍ണമായും വിജയിച്ചു എന്ന് പറയാനാകില്ല. പലതും മുഴച്ചു നില്‍ക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ട്. ഒരു പ്രധാന ന്യൂനത അതിലെ സംഭാഷണങ്ങള്‍ ആണ്. ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒട്ടു മിക്കവയും പൈങ്കിളി കഥകളിലെ സംഭാഷണങ്ങളുടെ നിലവാരം മാത്രമുള്ളതായിരുന്നു. അതുപോലെതന്നെ, ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതായിരുന്നു നല്ലത്. ജഗതിയുടെ അഭിനയം മോശമായത് കൊണ്ടല്ല; അദ്ദേഹമാണ് അഭിനയിച്ചത് എന്നതുകൊണ്ട് മാത്രം ആ കഥാപാത്രത്തിന് അതര്‍ഹിക്കുന്ന ഗൌരവം ഉണ്ടായില്ല. മട്ടഭിനേതാക്കളില്‍ കാര്‍ത്തിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശര്ബാനി മുഖര്‍ജി തന്‍റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി.
'അമ്പലവും പള്ളിയും നില്‍ക്കുന്നിടത്ത് നില്‍ക്കട്ടെ, നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ മതിലുകള്‍ പാടില്ല' എന്ന ബഷീര്‍ വാചകമാണ് ചിത്രത്തിന്റെ പരസ്യവാചകം. ഈ പരസ്യവാചകത്തോട് പൂര്‍ണമായി നീതി പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. പക്ഷെ ഭാഗികമായെങ്കിലും അതില്‍ വിജയിക്കാന്‍ സംവിധായകന്‍ പ്രിയനന്ദനനു സാധിച്ചു.
What the Sufi said (Sufi paranja katha): Rating- 5 out 10
Country: INDIA
Director: Priyanandanan
Date of screening: 14-12-2009; 14:30:00 (New Theatre)
A historical conflict between Tajikistan and Uzbekistan provides the basis for "True Noon. It is a drama that could take place almost anywhere on the globe right now. Director Nosir Saidov pictures the happenings took place in a village which became a border of Tajikistan and Uzbekistan. He tells the story of the innocent villagers and their lifestyles. He also tries to say how the common people are affected with political games.
True Noon (Ghiyame Rooz): Rating – 7 out of 10
Country: Tajikistan
Director: Nosir Saidov
Date of screening: 14-12-2009, 11:30:00 (Ajanta Theatre)
Dream [ഡ്രീം]:
ചലച്ചിത്രോത്സവത്തില്‍ ഏറ്റവും തിരക്കനുഭവപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡ്രീം. അതിനു കാരണം ചിത്രത്തിന്‍റെ സംവിധായകന്‍ കിം കി ഡുക് ആണ് എന്നതുതന്നെയാണ്. ബോ, ബ്രെത്ത് പോലുള്ള ജനപ്രിയ ചിത്രങ്ങളുമായെത്തി കഴിഞ്ഞ മേളകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ കിമ്മിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഡ്രീം അഥവാ ബി- മോന്ഗ്. യാഥാര്‍ത്യവും സ്വപ്നവും തമ്മിലുള്ള ഒരു ഞാണിന്മേല്‍കളിയാണ് ചിത്രം.
ജിന്‍ എന്ന ചെറുപ്പക്കാരന്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ അതേസമയം റാന്‍ എന്ന പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇത് റാനിന്റെ ജീവിതത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു. ജിന്‍ കാണുന്ന സ്വപ്‌നങ്ങള്‍ റാന്‍ ഉറക്കത്തില്‍ അറിയാതെ എണീറ്റ് നടന്നാണ് യാഥാര്‍ത്ഥ്യം ആക്കുന്നത് എന്നത് റാനിന്റെ ജീവിതത്തെ പ്രശ്നസങ്കീര്‍ണമാക്കുന്നു. ഇത് തിരിച്ചറിഞ്ഞ അവര്‍ പ്രശ്നപരിഹാരമെന്നോണം ഒരു വഴി കണ്ടെത്തുന്നു- ഉറങ്ങാതിരിക്കുക. തുടര്‍ച്ചയായ ഈ ഉറക്കം ഒഴിയല്‍ ഒരുതരം ആത്മപീഡനം തന്നെയായി മാറുന്നു. കഥാപാത്രങ്ങളുടെ ഈ നൊമ്പരം പ്രേക്ഷകരുടെയും ആത്മനൊമ്പരമാക്കി മാറ്റുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.
സ്വപ്നത്തെ ഒരേ സമയം സത്യവും മിഥ്യയുമാക്കുകയും, അത് കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല പ്രേക്ഷകര്‍ക്ക് കൂടി ഒരുതരാം വല്ലാത്ത ആത്മപീഡനമാക്കി മാറ്റുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഖ്യാത ജാപനിസ് നടന്‍ ജോ-ടോഗിരി, റാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊറിയന്‍ നടി ലി-നാ-യന്ഗ് എന്നിവരുടെ അഭിനയ മികവും എടുത്തുപറയേണ്ടതാണ് . കിം കി ദുകിന്റെ സംവിധാന മികവിനൊപ്പം ഈ അഭിനയമികവ് കൂടി ആകുമ്പോള്‍ ഡ്രീം ചലച്ചിത്രമേളയിലെ ഒരു നല്ല ഓര്‍മയായി മാറുന്നു.
Dream [Bi-mong] : Rating - 7 out of 10
Country : South Korea
Direction : Kim-ki-Duk
Date of screening : 15-12-2009, 21:15:00 (Ajanta theatre)