Sunday, January 17, 2010

Its ANTICHRIST!!! [IFFK Film Review]

Antichrist [ആന്‍റിക്രൈസ്റ്റ്]


മൂന്നു വര്‍ഷം മുമ്പ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച 'പിയാനോ ടീച്ചര്‍' എന്ന ചിത്രത്തിന് ശേഷം ഇത്രത്തോളം സംസാരവിഷയമായ ഒരു ചിത്രം ചലച്ചിത്രോത്സവത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. കാന്‍ ഫിലിം ഫെസ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ചിത്രം കണ്ടപ്പോള്‍ തോന്നി, ഇത് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നഷടപ്പെടുതുമായിരുന്നത് ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ചിത്രമായേനെ എന്ന്. പ്രസിദ്ധ ഡാനിഷ് സംവിധായകന്‍ ലാസ് വോണ്‍ ട്രയരുടെ ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഒരുപിടി ചോദ്യങ്ങള്‍ ബാക്കിനിര്‍ത്തുന്നു. ലൈംഗികതയും മരണവും നിഷ്ടൂരതയും ഒക്കെ അവയുടെ അതിര്‍വരമ്പുകളെ ലംഘിച്ച് ഉന്മാദം ആടുന്ന ചിത്രം അതുകൊണ്ട് തന്നെ വലിയ തോതിലുള്ള വിമര്‍ശനത്തിനു വിധേയമായി. മതങ്ങളുടെയും 'സദാചാര'(?)വാദികളുടെയും ആക്രമണം, പ്രദര്‍ശിപ്പിച്ച എല്ലായിടത്ത് നിന്നും ഈ ചിത്രത്തിന് നേരിടേണ്ടി വന്നു.

ഗ്രീഫ്, പെയ്ന്‍, ഡെസ്പെയര്‍, ദി ഫോര്‍ ബെഗേര്‍സ് എന്നിങ്ങനെ 4 ഭാഗങ്ങളിലായാണ് ആന്‍റി ക്രൈസ്റ്റ് കടന്നുപോകുന്നത്. ഇത് കൂടാതെ ഒരു പ്രോലോഗും ഒരു എപിലോഗും ആന്‍റി ക്രൈസ്ടിനുന്ദ്.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ ലൈംഗികബന്ധതിലെര്‍പ്പെട്ടുകൊണ്ടിരിക്കുന്നതും, ആ സമയത്ത് അവരുടെ പിഞ്ചുകുഞ്ഞു അവരറിയാതെ തൊട്ടിലില്‍ നിന്നും പുറത്തു കടന്നു ജനലില്‍ കൂടി താഴേക്ക്‌പതിച്ച് മരിക്കുന്നതാണ് പ്രോലോഗില്‍ കാണിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമാണിത് [ആന്‍റി ക്രൈസ്റ്റ് എന്ന സിനിമ മുഴുവന്‍ മനോഹരമായ ഫ്രെയിമുകള്‍ കൊണ്ട് നിറഞ്ഞതാണ്‌.]. പ്രോലോഗിലെ ഓരോ രംഗത്തിലും മനോഹാരിത നിറഞ്ഞു നില്‍ക്കുന്നു. ദമ്പതികള്‍ രതിയില്‍ ഏര്‍പ്പെടുന്ന രംഗം ഇത്ര 'തുറന്നു' കാട്ടെണ്ടിയിരുന്നോ എന്ന് മാത്രമാണ് ഈ രംഗത്തില്‍ ചൂണ്ടികാട്ടാനാകുന്ന ഏക അപാകത [ആ രംഗവും വളരെ മനോഹരമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്]. കുട്ടി മരിക്കുമ്പോള്‍ ഉണ്ടാകുന്ന തീവ്രമായ വേദനയില്‍ നിന്നും പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും ശ്രദ്ധ പാളിപ്പോകാന്‍ ഈ തുറന്നുകാട്ടല്‍ ഒരുപക്ഷെ കാരണമായേക്കാം.

സ്ത്രീകളുടെ അകാരണമായ മരണത്തിനു പിന്നിലെന്താണ് എന്ന അന്വേഷണവുമായി താന്‍ ചെയ്ത തീസിസിനു വേണ്ടി കഴിഞ്ഞ വേനല്‍ക്കാലം ചെലവഴിച്ച ഈഡന്‍ എന്ന തങ്ങളുടെ കാട്ടിലെ വസതിയെ കുറിച്ചുള്ള നായികയുടെ ഭയവും, ആ ഭയം അകറ്റാന്‍ വേണ്ടി ചികിത്സകനായ ഭര്‍ത്താവ അവളെ വീണ്ടും ഈഡനില്‍ എത്തിക്കുന്നതും തുടര്‍ന്ന് കാര്യങ്ങള്‍ രണ്ടുപേരുടെയും കൈവിട്ടു പോകുനതുമാണ് ചിത്രത്തിന്റെ പ്രമേയം. ദൈവവും, സാത്താനും എല്ലാം പ്രകൃതി തന്നെയാണ് എന്ന് പ്രഖ്യാപിക്കുന്ന ചിത്രമാണ് ആന്റി ക്രൈസ്റ്റ്. 'പ്രകൃതിയാണ് സാത്താന്റെ വാസസ്ഥലം' എന്ന് നായിക ചിത്രത്തില്‍ ഇടയ്ക്കു പറയുന്നുണ്ട്. മനുഷ്യന്‍ എന്ന സൃഷ്ടി തന്നെ നിന്ദ്യമാണ് എന്നാണു അവള്‍ വിശ്വസിക്കുന്നത്. അതില്‍ തന്നെ സ്ത്രീയായി ജനിക്കുന്നതാണ് ഏറ്റവും വലിയ ശിക്ഷ എന്ന് കരുതുന്നു. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, എന്നിങ്ങനെയുള്ള പക്രിയകളിലൂടെ ജീവിതത്തില്‍ പലതവണ ഒരു സ്ത്രീക്ക് കടന്നുപോകെണ്ടിവരുന്നു. 'ഒരു ഒക്ക് മരം നൂറു വര്‍ഷം കൊണ്ടാണ് പുതിയ ഒന്നിനെ സൃഷ്ടിക്കുന്നത്' എന്ന് പറയുന്ന നായിക, സ്ത്രീ എന്നത് പാപിയാണെന്ന് കരുതുകയും സ്വന്തം മകനെപോലും വെറുക്കുകയും ചെയ്യുന്നു [മകന്‍റെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവന്‍റെ കാലുകളിലെ എല്ലുകള്‍ വലഞ്ഞിരുന്നു എന്ന് പറയുന്നു. അവള്‍ ഷൂസുകള്‍ തെറ്റായ കാലില്‍ നിര്‍ബന്ധിച്ചു ഇടീക്കുന്നത്‌ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്‌ എന്ന് ചിത്രത്തില്‍ കാണിക്കുന്നുണ്ട്]. എന്തിനു, തന്നെത്തന്നെയും അവള്‍ വെറുക്കുന്നു.

താന്‍, അല്ലെങ്കില്‍ സ്ത്രീകള്‍ എല്ലാവരും പാപികലാണ് എന്നത് ഭര്‍ത്താവിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനു അയാള്‍ തയ്യാറാകാതെ വരുമ്പോള്‍ അത് തെളിയിക്കാന്‍ വേണ്ടി ക്രൂരതയുടെ അങ്ങേ അറ്റം വരെ അവള്‍ പോകുന്നുണ്ട്. ഒരുപക്ഷെ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കാതത്ര ക്രൂരതകളാണ് അവസാന രണ്ട് അധ്യായങ്ങളില്‍. ഭര്‍ത്താവിന്‍റെ ലിംഗത്തില്‍ തടിക്കഷണം കൊണ്ട് അടിക്കുന്നതും, അബോധാവസ്ഥയിലായ ഭര്‍ത്താവിന്‍റെ ലിംഗത്തില്‍ നിന്നും രക്തം തന്‍റെ മുഖത്തേക്കും വസ്ത്രങ്ങളിലേക്കും തെറിപ്പിക്കുന്നതും ഭര്‍ത്താവിന്‍റെ കാലില്‍ ഇരുമ്പ് ലോഹം തുളച്ചു കയറ്റുന്നതുമെല്ലാം ചിത്രത്തില്‍ കാട്ടുന്നുണ്ട്. ഒരു സിനിമയില്‍ എന്തൊക്കെ കാണിക്കാന്‍ പാടില്ല എന്ന പോതുനിയമത്തെ(?) ആന്‍റി ക്രൈസ്റ്റ് തച്ചുടക്കുന്നുണ്ട്. ആത്മപീടനത്തിനായി തന്‍റെ ജനനേന്ദ്രിയം കത്രിക കൊണ്ട് മുറിച്ചു കളയുന്ന രംഗമാണ് പ്രേക്ഷകരെ ഏറ്റവും അധികം ഞെട്ടിച്ചത് [സുഹൃത്തിനു ഒപ്പമിരുന്നാണ് ഞാന്‍ ആന്‍റി ക്രൈസ്റ്റ് കണ്ടത്, ഇതുള്‍പ്പെടെ പല രംഗങ്ങളിലും അവള്‍ കണ്ണുപൊത്തി ഇരിക്കുകയായിരുന്നു!].

വെറും രണ്ട് കഥാപാത്രങ്ങളെ മാത്രം ഉപയോഗിച്ച് ഒരു മികച്ച സിനിമ സൃഷ്ടിക്കാമെന്ന് സംവിധായകന്‍ കാട്ടിത്തന്നു. നായികയായി അഭിനയിച്ച ഷാര്‍ലറ്റ് ഗെയിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഒരു പ്രധാന സവിശേഷത. മികച്ച നടിക്കുള്ള പുരസ്കാരം തീര്‍ച്ചയായും അര്‍ഹിക്കുന്ന പ്രകടനമാണ് ഷാര്‍ലറ്റ് ഗെയിന്‍ കാഴ്ചവച്ചത്. ദൃശ്യങ്ങളുടെ മനോഹാരിത ചിത്രം കണ്ടിറങ്ങി നാളുകള്‍ കഴിഞ്ഞാലും മനസ്സില്‍ നിന്നും മായില്ല.

ഈ ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ ഒരുപാടുണ്ടാകാം, സദാചാരത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവരുമുണ്ടാകാം.ഈ ഒരു തീം മലയാളത്തിലെ ഒരു സംവിധായകന്‍റെ കൈയില്‍ കൊടുത്തു നോക്കുമ്പോള്‍ അറിയാനാകും അതിനെ എത്രത്തോളം മോശമായ രൂപത്തില്‍ സിനിമ ആക്കാമെന്ന്. അവിടെയാണ് ലാസ് വോണ്‍ ട്രയര്‍ തന്‍റെ പ്രതിഭ തെളിയിച്ചത്. തീര്‍ച്ചയായും, ഒരുപാട് ചോദ്യങ്ങള്‍ ആന്‍റി ക്രൈസ്റ്റ് അവശേഷിപ്പിക്കുന്നുന്ദ്. എന്ത്? എന്തിനു? എപ്പോള്‍? എവിടെ? എന്നിങ്ങനെ ഉത്തരമില്ലാത്ത അനവധി ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും സംവിധായകന്‍ ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും മറ്റൊരാളോട് ആന്‍റി ക്രൈസ്റ്റ് കാണണം എന്ന് നിര്‍ദ്ദേശിക്കാന്‍ എനിക്കാകില്ല. കാരണം ഈ ചിത്രം ദുര്‍ബ്ബല ഹൃദയര്‍ക്കുള്ളതല്ല [ കൃപ തീയേറ്ററില്‍ ഈ ചിത്രം കണ്ടുകൊണ്ടിരിക്കെ മോഹലാസ്യപ്പെട്ടുവീണവരെയും നമ്മള്‍ ഓര്‍ക്കണമല്ലോ!].

ഈ ചലച്ചിത്ര മേളയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ചിത്രമായി ആന്‍റി ക്രൈസ്റ്റ് മാറുന്നു. അത് അതിലെ ലൈംഗികതയോ വന്യമായ രംഗങ്ങളോകൊണ്ടല്ല; പിന്നെയോ.. അത് എന്ത് കൊണ്ടാണെന്ന് എഴുതി ഫലിപ്പിക്കുക പ്രയാസമാണ്, കണ്ടുതന്നെ അറിയണം. വിശദീകരിക്കാനാകാത്ത ഒരു നവ്യമായ അനുഭവം, കണ്ണിനും മനസ്സിനും .. അതാണ്‌ ആന്‍റി ക്രൈസ്റ്റ്!


Antichrist: Rating- 8.5 out of 10

Country: Denmark

Director: Lars Von Trier

Time of screening: 14-12-2009; 09:30:00 (Kripa Theatre)

No comments:

Post a Comment