Saturday, January 16, 2010

സൂഫിമാര്‍ കണ്ടു പഠിക്കട്ടെ എങ്ങനെ കഥ പറയണമെന്ന്! [IFFK Film Review]

Scheherazade, Tell me a story [ഷെഹരസാദ്‌ ഒരു കഥ പറയൂ]

വലിയ ആരവമില്ലാതെ വന്ന ചിത്രമായിരുന്നു യൂസ്രി നസ്രള്ളായുടെ ഈജിപ്ഷ്യന്‍ ചിത്രം 'ഷെഹരസാദ്‌ ഒരു കഥ പറയൂ'. കൊട്ടും കുരവയുമില്ലാതെ വന്നതാണെങ്കിലും ചിത്രം കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു നല്ല ചിത്രം കണ്ടു എന്ന ആത്മസംതൃപ്തി നല്‍കാന്‍ ഈ കൊച്ചു ചിത്രത്തിനായി. ഒരു സ്ത്രീപക്ഷ ചിത്രമാണിത്. ആഫ്രിക്കയില്‍ നിന്ന് പോലും സ്ത്രീപക്ഷ സിനിമകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും 'ഷെഹരസാദ്‌ ടെല്‍ മി എ സ്റ്റോറി' ആയിരുന്നു മേളയിലെ സ്ത്രീപക്ഷ സിനിമകളില്‍ ഏറ്റവുമധികം പ്രകാശം പരത്തിയത്. അറബിക്കഥയിലെ ആയിരത്തൊന്നു രാവുകളില്‍ കഥ പറയുന്ന ഷെഹര്‍സാദിനെ പുതിയ കാലത്തിലേക്ക് മാറ്റി പുതിയ രീതിയിലുള്ള ആവിഷ്കാരമാണ് ചിത്രത്തില്‍. തങ്ങളുടെ ലിംഗാവസ്ഥ സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ.

ഹെബ്ബ എന്ന ടി.വി. അവതാരകയാണ് മുഖ്യ കഥാപാത്രം. വിവിധ മേഖലകളില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോയ സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയുന്ന ഒരു ടോക് ഷോയാണ് ഹെബ്ബ അവതരിപ്പിക്കുന്നത്‌. ലൈംഗികതയും സ്ത്രീ എന്ന ലിംഗാവസ്ഥയും സ്ത്രീകളെ പലരീതിയില്‍ ബാധിക്കുന്നു എന്നതിന്റെ തെളിവുകളാണ് ടോക് ഷോ പുറത്തു കൊണ്ടുവരുന്നത്. പക്ഷെ ഈ വെളിപ്പെടുത്തലുകള്‍ വിവാദമുണ്ടാക്കുകയും, പരിപാടി അവസാനിപ്പിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് പോലും സമ്മര്‍ദ്ദമുണ്ടാകുകയും ചെയ്യുന്നു. സ്വന്തം ഭര്‍ത്താവ് പോലും ഹെബ്ബയെ ഇതിന്റെ പേരില്‍ വിമര്‍ശിക്കുന്നു. വെളിപ്പെടുത്തലുകള്‍ ഭര്‍ത്താവിന്റെ ജോലിക്ക് ഭീഷണിയാകുന്നു എന്ന ഒറ്റ കാരണത്തിന്റെ പേരില്‍ ഭര്‍ത്താവ് ഹെബ്ബയെ ക്രൂരമായി മര്‍ദ്ദിക്കുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ട സ്ത്രീകളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന പരിപാടിയുടെ അവതാരകയായ ഹെബ്ബ, ഒടുവില്‍ ആ ലിംഗാവസ്ഥ മൂലം തനിക്കുണ്ടായ പ്രതിസന്ധി കാരണം ടോക് ഷോയില്‍ സ്വന്തം കഥ തന്നെ അവതരിപ്പിക്കേണ്ടി വരുന്നു!

പുതിയ ലോകത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുകാട്ടുന്ന ഒന്നാണ് ഈ ചിത്രം. പുരുഷകേന്ദ്രീകൃതമായ സമൂഹം സ്ത്രീകളോട് കാട്ടുന്ന അവഗണയും സ്ത്രീകളോടുള്ള വിവേചനവും ചിത്രത്തിലൂടെ വ്യക്തമാകുന്നു. ഇതില്‍ നിന്നും മാറിച്ചിന്തിക്കാന്‍ സമൂഹം തയാര്‍ ആകണം എന്നതിന്റെ ആവശ്യകതയും ചിത്രം പറയുന്നുണ്ട്. പുരുഷ മേധാവിത്വം നിറഞ്ഞ ചിത്രങ്ങളുടെ ഇടയില്‍ ഒരു വ്യത്യസ്തമായ അനുഭവമാണ് 'ശേഹെര്സാദ് ടെല്‍ മി എ സ്റ്റോറി'.


Scheherazade Tell Me a Story ( Ehky Ya Schahrazad): Rating- 6 out of 10

Country: Egypt

Director: Yousry Nasrallah

Time of Screening: 13-12-2009; 18:45:00 (Remya Theatre)

No comments:

Post a Comment