Saturday, January 16, 2010

സൂഫിക്ക് കുറേക്കൂടി നന്നായി കഥ പറയാമായിരുന്നു! [IFFK Film Review]

What the Sufi said [സൂഫി പറഞ്ഞ കഥ]

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു സൂഫി പറഞ്ഞ കഥ. ആദ്യ പ്രദര്‍ശനത്തില്‍ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞു എന്ന് കേട്ടാണ് രണ്ടാം പ്രദര്‍ശനത്തിനു എത്തിയത്. കെ. പി. രാമനുണ്ണിയുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം അഭ്രപാളിയിലാക്കിയത് 'നെയ്തുകാരന്‍'റെ സംവിധായകന്‍ പ്രിയനന്ദനനാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ മലബാറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്നതാണ് ചിത്രം. ലവ് ജിഹാദിന്റെയും മറ്റും പേരില്‍ വിവാദങ്ങള്‍ നിറഞ്ഞാടുന്ന കാലത്താണ് ഹിന്ദു-മുസ്ലിം പ്രണയവും വിവാഹവും പ്രമേയമാക്കുന്ന 'സൂഫി പറഞ്ഞ കഥ' എത്തിയത്. ഒരു പ്രമുഖ ഹിന്ദു കുടുംബത്തിലെ കാര്‍ത്തി എന്ന യുവതിയും, അവിടെ കച്ചവടത്തിനെത്തുന്ന മാമൂട്ടി എന്ന മുസ്ലിം യുവാവും തമ്മിലുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥയാണ് ഈ ചിത്രം.

വിവാഹശേഷം കാര്‍ത്തി മതം മാറി മുസ്ലിം ആകുന്നുന്ടെങ്കിലും തന്‍റെ പഴയ വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊന്നും അവള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നില്ല. യാഥാസ്ഥിതികരായ മുസ്ലിം മതമേധാവികള്‍ മാമൂട്ടിയുടെയും കാരത്തിയുടെയും ജീവിതത്തില്‍ ഇടപെടുന്നു. ഇത് അവരുടെ ജീവിതത്തെ പ്രശ്നങ്ങള്‍ നിറഞ്ഞതാക്കുന്നു. ജീവിതം കൈവിട്ടുപോകുന്ന അവസ്ഥവരെയാകുന്നു. ഇന്നും മലബാറിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധിക്കുന്ന ബീവിയായി കാര്‍ത്തി മാറുന്നതിന്റെ കഥയും ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.

മതം എന്നത് തീര്‍ത്തും ഒരാളുടെ വ്യക്തിപരമായ ഒന്നാണെന്ന് ഈ ചിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു. മതം പൊതുസമൂഹത്തില്‍ ഇടപെട്ടു തുടങ്ങുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. മതം മാറിയാലും തന്‍റെ വ്യക്തിത്വത്തെയും സംസ്കാരത്തെയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. വ്യക്തിയേക്കാള്‍ പ്രധാനമല്ല മതം എന്നും ചിത്രം പറയാന്‍ ശ്രമിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ആശയങ്ങള്‍ പ്രേക്ഷകരുമായി പങ്കുവക്കുന്നതില്‍ ചിത്രം പൂര്‍ണമായും വിജയിച്ചു എന്ന് പറയാനാകില്ല. പലതും മുഴച്ചു നില്‍ക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ട്. ഒരു പ്രധാന ന്യൂനത അതിലെ സംഭാഷണങ്ങള്‍ ആണ്. ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒട്ടു മിക്കവയും പൈങ്കിളി കഥകളിലെ സംഭാഷണങ്ങളുടെ നിലവാരം മാത്രമുള്ളതായിരുന്നു. അതുപോലെതന്നെ, ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതായിരുന്നു നല്ലത്. ജഗതിയുടെ അഭിനയം മോശമായത് കൊണ്ടല്ല; അദ്ദേഹമാണ് അഭിനയിച്ചത് എന്നതുകൊണ്ട്‌ മാത്രം ആ കഥാപാത്രത്തിന് അതര്‍ഹിക്കുന്ന ഗൌരവം ഉണ്ടായില്ല. മട്ടഭിനേതാക്കളില്‍ കാര്‍ത്തിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശര്ബാനി മുഖര്‍ജി തന്‍റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി.

'അമ്പലവും പള്ളിയും നില്‍ക്കുന്നിടത്ത് നില്‍ക്കട്ടെ, നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ മതിലുകള്‍ പാടില്ല' എന്ന ബഷീര്‍ വാചകമാണ് ചിത്രത്തിന്റെ പരസ്യവാചകം. ഈ പരസ്യവാചകത്തോട്‌ പൂര്‍ണമായി നീതി പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. പക്ഷെ ഭാഗികമായെങ്കിലും അതില്‍ വിജയിക്കാന്‍ സംവിധായകന്‍ പ്രിയനന്ദനനു സാധിച്ചു.

What the Sufi said (Sufi paranja katha): Rating- 5 out 10

Country: INDIA

Director: Priyanandanan

Date of screening: 14-12-2009; 14:30:00 (New Theatre)

No comments:

Post a Comment